Tuesday, December 29, 2009

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി

ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക് കാണാന്‍കഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.

കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികള്‍ക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട് പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത് സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.

ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന് അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികല്പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ് മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഒന്നാമത്: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.

ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ് യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്.

ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്)

Saturday, December 26, 2009

കൊടുങ്കാറ്റില്‍പെട്ട ചാരം

സൂറത്തു ഇബ് റാഹീമിലെ ഏതാനും സൂക്തങ്ങള്‍ ഇവിടെ വിശദീകരണമില്ലാതെ നല്‍കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് വേണ്ടിയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് ദൈവവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. വായിക്കുക:

(18-20) തങ്ങളുടെ റബ്ബിനെ നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം: അവര്‍ ഒരു പ്രളയനാളിലെ കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതുതന്നെയാകുന്നു വിദൂരമായ വഴിതെറ്റല്‍. അല്ലാഹു ആകാശഭൂമികളുടെ സൃഷ്ടി യാഥാര്‍ഥ്യമായി നിലനിര്‍ത്തിയത് നിങ്ങള്‍ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ പോക്കിക്കളയുകയും തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിയെ കൊണടുവരികയും ചെയ്യുന്നതാകുന്നു. അവ്വിധം പ്രവര്‍ത്തിക്കുക അവന് പ്രയാസകരമല്ല.

(21) ഈ ജനങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ മുന്നില്‍ മറയില്ലാതെ വെളിപ്പെടുന്നു. അന്നേരം ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍ വമ്പന്മാരായി ചമഞ്ഞവരോട് പറയും: 'ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. ഇപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനെങ്കിലും നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമോ?' അവര്‍ പ്രതിവചിക്കും: 'അല്ലാഹു വല്ല രക്ഷാമാര്‍ഗവും ഞങ്ങള്‍ക്ക് കാണിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളത് നിങ്ങള്‍ക്കു കാണിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ നാം വെപ്രാളംകൊണട് വിലപിച്ചാലും ക്ഷമിച്ചാലും തുല്യമാകുന്നു. ഏതു നിലക്കും നമുക്ക് രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല.'

(22)വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: 'യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.' ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു.

(23-27) നേരെമറിച്ച് ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, അവര്‍ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവര്‍ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും. അല്ലാഹു പരിശുദ്ധവചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്.

Sunday, December 13, 2009

ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും

ഖുര്‍ആന്റെ പ്രതിപാദനരീതി നിലവിലുള്ള ഒരു ഗ്രന്ഥത്തിന്റെയും രൂപത്തിലല്ല. എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു വ്യത്യസ്ഥ രൂപം ഖുര്‍ആനിന് നല്‍കപ്പെട്ടത്, വിഷയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, കഥകളും സംഭവങ്ങളും ഇടകലര്‍ന്ന് വരുന്ന പ്രസ്തുത രീതികൊണ്ട് ഖുര്‍ആന്‍ സാധിച്ചതെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു മൗലാനാ മൗദൂദി.

'എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്.

ഈ വിവരണത്തില്‍നിന്ന്, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ് പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക് സംസ്‌കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.

ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച് നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.'

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...